സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് തുടക്കം; ആകെ 2980 കേന്ദ്രങ്ങൾ, കൂടുതൽ മലപ്പുറത്ത്

news image
Mar 3, 2025, 1:58 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും.

 

ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- 28,358. ഏറ്റവും കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്- 1,893

രാവിലെ 9.30ക്കാണ് എസ്എസ്എൽസി പരീക്ഷ. 1.30ക്കാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ 26ന് അവസാനിക്കും. 444693 വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും. ആറാം തീയതി ഒന്നാം വർഷ പരീക്ഷകൾ തുടങ്ങും. 29ന് അവസാനിക്കും. ഏപ്രിൽ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം തുടങ്ങും. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊടുംചൂടിൽ തളരാതിരിക്കാൻ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമുണ്ടാകും. ആത്മവിശ്വാസത്തോടെ മിടുക്കരായി കൊച്ചുകൂട്ടുകാർക്ക് പരീക്ഷാ ഹാളിലേക്ക് പോകാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe