സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

news image
Sep 23, 2026, 1:59 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വരുംദിവസങ്ങളിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

​മഴയ്‌ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.

​കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടുത്ത ചൂടാണ് പെട്ടെന്നുള്ള ശക്തമായ മഴയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴ കുറഞ്ഞതോടെ മേഘാവരണം മാറി സൗരവികിരണം വർധിക്കുകയും ഭൂമി കൂടുതൽ ചൂടാവുകയും ചെയ്തു. തുടർന്ന് വായുവിന്റെ താപനിലയും ഈർപ്പവും ഉയരുകയും ഇവ ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെടുകയായിരുന്നു. ഇതിനോടൊപ്പം ഉയർന്നുവന്ന ന്യൂനമർദ പ്രതിഭാസങ്ങൾ കൂടിയായതോടെയാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാഹചര്യമൊരുങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe