തിരുവനന്തപുരം: സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും. ബസുടമകളുടെ ആറ് പ്രമുഖ സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, സമരം ഒഴിവാക്കാനായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ചർച്ച നടന്നേക്കും.
സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പുനൽകുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും വരുമാനം കുത്തനെ ഇടിഞ്ഞ് സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമാണെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും, അതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
കഴിഞ്ഞ ഒക്ടോബർ 16-ന് പണിമുടക്ക് സംബന്ധിച്ച് സർക്കാരിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പരിഹരിക്കാൻ സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ നിർദേശങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അവ നടപ്പിലാക്കാൻ തയാറായില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. യാത്രക്കാർക്ക് പ്രയാസമുണ്ടാക്കാൻ ആഗ്രഹമില്ലെങ്കിലും മറ്റ് വഴികളില്ലാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് സമരസമിതി വ്യക്തമാക്കി.
