തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണാണ് അപകടം. ഈ സമയം രണ്ടുപേരും തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്നാണ് ഷോക്കേറ്റ് ഇരുവരും മരിച്ചത്.ഇന്ന് വൈകീട്ട് ആറരയോടൊണ് സംഭവം. പ്രദേശത്ത് അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരാൾ മരിച്ചു. തൊട്ടില്‍പ്പാലത്ത് കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞതിനെത്തുടര്‍ന്ന് നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ ഇന്നലെ രാത്രി വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്.. ഒളവണ്ണയില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞുവീണു. ഇരുചക്ര വാഹന യാത്രക്കാരി തലനാരിഴക്ക് രക്ഷപ്പെട്ടത്.
ഇടുക്കിയിൽ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഒരാൾ കൂടി മരിച്ചു. പാലക്കാട് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു.കോഴിക്കോട് വില്ല്യാപ്പള്ളിയിലാണ് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന് എന്നയാൾ മരിച്ചത്. ഇടവിട്ട് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വിലങ്ങാടുള്ള ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാത്രി ഇവിടെ ഒരു വീടിന്റെ വശത്തേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.