വയനാട്: ഉരുൾപൊട്ടലിന് പിന്നാലെ നിശ്ചലമായ വയനാട്ടിൽ വിനോദ സഞ്ചാരത്തെ ഉണർത്താൻ, സൈക്കിൾ റൈഡുമായി വയനാട് ബൈക്കേഴ്സ് ക്ലബ്. നാടിനെ ചേർത്തു പിടിക്കുന്ന പരിപാടിയിൽ സൈക്കിൾ ചവിട്ടി വയനാട് എസ്പിയും ഒപ്പം ചേർന്നു.
പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവി തബോഷ് ബസുമതാരി. പിന്നെ കണ്ടത് സൈക്കിളിൽ. ഉരുൾപൊട്ടലിന്‍റെ ആഘാതം ടൂറിസത്തെയും ബാധിച്ചു. ആശ്രയ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പേരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം പടിവാതിൽക്കൽ നിൽക്കെ, സഞ്ചാരികളെ ക്ഷണിക്കുകയാണ് വയനാട് ബൈക്കേഴ്സ് ക്ലബ്.
ഉരുൾപൊട്ടൽ സമയത്ത് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി ആയിരുന്നു തപോഷ് ബസുമതാരി. നേരത്തെ കല്പറ്റ എഎംസ്പി ആയും വയനാട്ടിലുണ്ടായിരുന്നു. വയനാടിനെ ചേർത്തു പിടിക്കാൻ ഇങ്ങനെയും ചിലത് ചെയ്യണമെന്ന് എസ്പി പറഞ്ഞു.
ജില്ലയിൽ നിന്നും പുറത്തു നിന്നുമായി നിരവധി പേർ പങ്കെടുത്തു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ ബത്തേരി വരെയായിരുന്നു സൈക്കിൾ യാത്ര. പങ്കെടുത്തവർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.