കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടിയിൽ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ ധനസഹായ ഫണ്ട് സമാഹരണത്തിന് തിരിച്ചടിയായി വ്യാജ പ്രചാരണം. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ തികഞ്ഞെന്നും ആരും പണം അയക്കരുതെന്നുമാണ് വാട്സ് ആപ്പിലൂടെയുള്ള ഓഡിയോ സന്ദേശം. ഇതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് സഹായ സമിതിയുടെ തീരുമാനം.
ഇനിയും വേണം 33 കോടി രൂപ
28 ദിവസത്തിനുള്ളിൽ 33 കോടി രൂപ ഇനിയും വേണം എന്നാണ് സഹായ സമിതി അറിയിക്കുന്നത്. 50 കോടി രൂപ പരിധിയുള്ള അക്കൗണ്ടാണ് തുറന്നിരിക്കുന്നതെന്നും എല്ലാദിവസവും കണക്ക് പ്രസിദ്ധീകരിക്കാറുണ്ടെന്നും സഹായ സമിതി വിശദീകരിച്ചു. ദിവസേന ഒരുകോടി രൂപയോളം വന്നുകൊണ്ടിരുന്ന അക്കൗണ്ടിലേക്ക് ഇപ്പോൾ എത്തുന്നത് 31 ലക്ഷം മാത്രമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നരവയസുള്ള കുട്ടികളുടെ സഹായത്തിനായി നാടൊന്നാകെ കൈകോർക്കുന്നതിനിടെയുള്ള വ്യാജ പ്രചാരണത്തിൽ വീഴരുതെന്നാണ് സഹായ സമിതിയുടെ അപേക്ഷ.
കോഴിക്കോട് മുക്കത്തിനടുത്ത് കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ട്രിപ്പ്ലറ്റ് കുഞ്ഞുങ്ങളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി 50 കോടി രൂപയാണ് വേണ്ടത്. കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു.
