സാ​ഗർ​ദി​ഘി ഉപതെരഞ്ഞെടുപ്പ് തോൽവി; ക്ഷുഭിതയായി മമത

news image
Mar 18, 2023, 9:52 am GMT+0000 payyolionline.in

കൊൽക്കത്ത: സാ​ഗർദി​ഘി ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുസ്ലിം മൈനോരിറ്റി നേതാക്കളെ പുനർവിന്യസിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാബാനർജി. ഇന്നലെയാണ് സൗത്ത് കൊൽക്കത്തയിലെ മമതയുടെ വീട്ടിൽ നിയമസഭാം​ഗങ്ങളും എംപിമാരും ഉൾപ്പെട്ട രഹസ്യ ചർച്ച നടന്നത്. ചർച്ചയിൽ സാ​ഗർദി​ഘി ഉപതെരഞ്ഞെടുപ്പ് തോൽവിയാണ് പ്രധാനമായും വിഷയമായത്.

66.28 ശതമാനം മുസ്ലിംങ്ങൾ താമസിക്കുന്ന സാ​ഗർ​ദി​ഘി മുർഷിദാബാദ് ജില്ലയിലാണ്. ഇതാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ മുസ്ലിംഭൂരിപക്ഷ പ്രദേശം. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സിറ്റിങ് സീറ്റാണ് കോൺ​ഗ്രസ് പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പിൽ ഇടതു പിന്തുണയോടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. ബയ്റോൺ ബിശ്വാസ് എന്ന കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് തൃണമൂൽ കോൺ​ഗ്രസിലെ ദേബശിബ് ബാനർജിയെ പരാജയപ്പെടുത്തിയത്. ഇതിൽ ക്ഷുഭിതയായ മമതാ ബാനർജി യോ​ഗം വിളിച്ചു ചേർക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് കാരണം സംഘടനാപരമായ ബലഹീനതയും ഒരു വിഭാഗം നേതാക്കളുടെ അട്ടിമറിയും ആണെന്ന് യോ​ഗത്തിൽ മമതാ ബാനർജി പറഞ്ഞു. ഹാജി നൂറുൽ ഇസ്ലാമിനെ മാറ്റി യുവനേതാവ് മൊസറഫ് ഹുസൈനെ യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റ് ഹാജി നൂറുൽ ഇസ്‌ലാമിനെ സെല്ലിന്റെ ചെയർമാനാക്കിയിരിക്കുന്നു. നിയമസഭാംഗമായ മൊസറഫ് ഹുസൈനാണ് പുതിയ പ്രസിഡന്റ് തൃണമൂൽ എംപി സുദീപ് ബന്ദോപാധ്യായ പറഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ മത്സരത്തിനും വേണ്ടിയുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. അതേസമയം, യോഗത്തിൽ സാഗർദിഘി തോൽവി അന്വേഷിക്കാൻ സമിതിയും രൂപീകരിച്ചിട്ടുണ്ട്.മുസ്ലിം സമുദായം ‍ഞങ്ങളെ പിന്തുണക്കുന്നില്ലെന്ന് ആരും കരുതേണ്ടെന്ന് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. എല്ലാ സമുദായങ്ങൾക്കും സ്വീകാര്യയായ നേതാവാണ് മമത ബാനർജി. ഉപതെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിക്കാൻ സമിതി രൂപീകരിച്ചെന്നും എം പി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe