എറണാകുളം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തീക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം.
മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ ആരോപണം ഉന്നയിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ആരോപണം. മോൻസനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ 15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയ ലക്ഷ്മണൻ, പൊലീസിനെ പരിശീലിപ്പിക്കുന്ന ചുമതലയിലാണിപ്പോൾ.