‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിന് ഇന്ന് തുടക്കമാകും

news image
Sep 29, 2025, 3:54 am GMT+0000 payyolionline.in

ജനങ്ങളെ കേൾക്കാൻ, പരിഹാരം കാണാൻ ഒരു വിളിപ്പാടകലെ മുഖ്യമന്ത്രി. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.
ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കണക്ട് സെന്‍ററിലൂടെ കഴിയും. സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ഒപ്പം നാടിന്റെ വികസന പ്രവർത്തനത്തിൽ പങ്കാളികളാക്കുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് മുഖ്യമന്ത്രി എന്നോടൊപ്പം എന്ന സംരംഭത്തിലൂടെ ഉറപ്പാക്കുന്നത്. സർക്കാർ പദ്ധതികളെ കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും വിലയിരുത്തലും സ്വീകരിക്കുന്നതിനൊപ്പം, പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടിയും ഉറപ്പാക്കും. ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും പങ്കാളിത്ത ഭരണത്തിൻ്റെ കേരള മാതൃകയുടെ പ്രശസ്തി, കൂടുതൽ ശക്തിപ്പെടുത്താനും കഴിയും. പരിപാടിയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടാകും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കിഫ്‌ബിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും, മേൽനോട്ടത്തിന് വേണ്ടിയും അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചു.

 

തിരുവനന്തപുരം വെള്ളയമ്പലത്താണ് സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തിക്കുന്നത്. സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.
കണക്ട് സെന്ററിന്റെ നടത്തിപ്പും മേൽനോട്ട ചുമതലയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe