സിനിമ മേഖലയിലെ ലഹരിവ്യാപനം തടയാൻ ഏഴംഗ ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തിയാകും സിനിമ സംഘടനയായ ഫെഫ്ക ജാഗ്രതാ സമിതി രൂപീകരിക്കുക.
നിരോധിത ലഹരിയുടെ വ്യാപനം സിനിമ മേഖലയിൽ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഓരോ സിനിമ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാ സമിതിയിൽ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും നിർബന്ധമായും അംഗങ്ങളാകണം.
കൊച്ചിയിൽ നടന്ന ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി ചടങ്ങിൽ വെച്ച് സിറ്റി എക്സൈസ് കമ്മിഷണറുടെ സാനിധ്യത്തിലാണ് ബി. ഉണ്ണികൃഷ്ണൻ ജാഗ്രതാ സമിതി രൂപികരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികൾ നേരത്തെ എക്സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.
മലയാള സിനിമയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി തുടങ്ങിയ നിരവധി സിനിമകളിൽ മേക്കപ്പ്മാനായ രഞ്ജിത്ത് ഗോപിനാഥ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.