കൊച്ചി: സിനിമയിലെ വയലൻസ് നിയന്ത്രിക്കാൻ ഭരണകൂടത്തിന് പരിമിതികളുണ്ടെന്ന് ഹൈകോടതി. സിനിമകൾ വയലൻസിനെ മഹത്വവൽക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകൾ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് ഹൈകോടതിയുടെ നിരീക്ഷണം.
മാർകോ ഉൾപ്പെടെയുള്ള സിനിമകളിൽ അതിക്രൂരമായ രംഗങ്ങൾ കാണിക്കുന്നതിൽ വലിയ വിമർശങ്ങൾ ഉയരുന്നതിനിടെയാണ് ഹൈകോടതിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. വനിതാ കമ്മീഷന്‍റെ അഭിഭാഷകയാണ് സിനിമകളിലെ വയലൻസിന്‍റെ അതിപ്രസരം ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നേരത്തെ വിമർശനം വ്യാപകമായതിനു പിന്നാലെ മാർകോ നിർമാതാവ് ഇത്തരം സിനിമകൾ ഇനി ചെയ്യില്ലെന്ന് പ്രതികരിച്ചിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി രേഖപ്പെടുത്താൻ എസ്.ഐ.ടി ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. മൊഴി നൽകാൻ എസ്.ഐ.ടി നിർബന്ധിക്കുന്നുവെങ്കിൽ പരാതിക്കാർക്ക് നേരിട്ട് സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതിനിടെ സിനിമ നയരൂപീകരണത്തിന്‍റെ പുരോഗതി അറിയിക്കാൻ സർക്കാർ സാവകാശം തേടിയിട്ടുണ്ട്.