കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി റെയിൽവേ. ലൂപ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ ആണ് റെയിൽവേ തീരുമാനം. ഈ സാങ്കേതിക നവീകരണം സെപ്റ്റംബറോടെ പൂർത്തിയാകും. 31 സ്റ്റേഷനുകളിൽ ഇതിനുള്ള നടപടി തുടങ്ങി. നിലവിലെ ശരാശരി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ചേർന്ന റെയിൽവേ ഡിവിഷൻ തല യോഗത്തിലാണ് തീരുമാനം.
പ്രധാന പാളത്തിൽനിന്ന് സ്റ്റേഷനിലേക്ക് തിരിഞ്ഞ് കയറുന്ന പാതയാണ് ലൂപ്‌ലൈൻ. ലൂപ് ലൈനിൽ സഞ്ചരിക്കുമ്പോൾ ട്രെയിനിന് വേഗം കുറവായിരിക്കും. നിലവിൽ വേഗം മണിക്കൂറിൽ 15 കിലോമീറ്റർവരെ എന്നത് 30 കിലോമീറ്ററായാണ് ഉയർത്തുക.
പ്രധാന ലൈനിൽ നിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകൾ കടത്തിവിടുന്ന കറന്റ് സ്വിച്ചുകൾ കട്ടിയുള്ള വെബ് സ്വിച്ചുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇതിലൂടെ, ലൂപ്പ് ലൈനുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ട്രെയിനുകൾക്ക് ഓടാനും പ്രധാന ലൈനിലേക്ക് തിരികെ പോകാനും കഴിയും. ഇതിനുപുറമേ ട്രാക്ക്, റോളിങ് സ്റ്റോക്ക്, സിഗ്നലിങ്, ട്രാഫിക് സംവിധാനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ്, റെയിലുകൾ 60 കിലോഗ്രാം വിഭാഗത്തിലേക്ക് ഉയർത്തൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂർത്തിയായി.
വിവിധ ഭാഗങ്ങളിൽ ചെറിയ വളവുകൾ ഒഴിവാക്കി ട്രെയിനുകളുടെ പരമാവധി വേഗത ഇതിനകം വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഭൂമി ഏറ്റെടുക്കാതെ ഒഴിവാക്കാവുന്ന വളവുകൾ പരിഗണിക്കുന്നുണ്ട്. ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനൊപ്പം, സമയനിഷ്ഠ പാലിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
തിരുവനന്തപുരവും കൊല്ലവും ഉൾപ്പെടെ വലിയ സ്റ്റേഷനുകളിൽ പ്രധാന പ്ലാറ്റ്ഫോമുകൾ പ്രധാന പാതകളുടെതന്നെ ഭാഗമാണ്. കായംകുളം, മാവേലിക്കര, ഓച്ചിറ, വർക്കല, കഴക്കൂട്ടം തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ലൂപ് ലൈനിലൂടെയാണ് പ്രധാന പ്ലാറ്റ്ഫോമിലെത്തുക. പല സ്റ്റേഷനുകളും പാത ഇരട്ടിപ്പിക്കലോടെ പ്രധാന പ്ലാറ്റ്ഫോം ലൂപ് ലൈനിലേക്ക് മാറ്റി. ഇതടക്കം പരിഹരിക്കാനാണ് ലൂപ് ലൈനുകളുടെ നിലവാരവും വേഗവും ഉയർത്തുന്നത്.