സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ സൈന്യം. പുതിയ നിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കാണാനും നിരീക്ഷിക്കാനുമുള്ള ആവശ്യങ്ങൾക്ക് മാത്രമായിട്ടാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പാസീവ് പാർട്ടിസിപ്പേഷൻ എന്നാണ് ഈ നീക്കത്തെ സേന വിശേഷിപ്പിക്കുന്നത്.
സൈനികർക്കിടയിൽ വിവരസാങ്കേതിക അവബോധം വളർത്തുന്നതിനാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാൻ ഇതുവഴി കഴിയും. യൂണിഫോമിലുള്ള ചിത്രങ്ങളോ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങളോ ഒരു കാരണവശാലും പങ്കുവെക്കരുത്. വിപിഎൻ വഴിയുള്ള ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി വ്യത്യസ്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് സേന പുറപ്പെടുവിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും സ്കൈപ്പിലും പൊതുവായ വിവരങ്ങൾ കൈമാറാൻ അനുമതിയുണ്ട്. ടെലഗ്രാം, സിഗ്നൽ മാധ്യമങ്ങളിൽ പരിചിതരായ ആളുകളുമായി മാത്രം ആശയവിനിമയം നടത്താം. സന്ദേശം സ്വീകരിക്കുന്ന ആളെ കൃത്യമായി തിരിച്ചറിയേണ്ട ഉത്തരവാദിത്വം സൈനികനാണ്.
യൂട്യൂബ്, എക്സ്, ക്വോറ എന്നിവയിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ട്. എന്നാൽ സ്വന്തം നിലയിൽ ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ അപ്‌ലോഡ് ചെയ്യാൻ പാടില്ല. ലിങ്ക്ഡ്ഇന്നിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബയോഡാറ്റ അപ്‌ലോഡ് ചെയ്യാൻ മാത്രമേ അനുവാദമുള്ളൂ.
2019-ൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകുന്നതിൽ നിന്ന് സൈനികരെ വിലക്കിയിരുന്നു. പിന്നീട് 2020-ൽ സുരക്ഷാ കാരണങ്ങളാൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെ 89 മൊബൈൽ ആപ്പുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.
