കണ്ണൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി വിദ്യാർഥികൾക്കു നേരെ സഹപാഠികളുടെ ക്രൂരമായ റാഗിംഗും വധഭീഷണിയും. റാഗിങിൽ പരിക്കേറ്റ അഴീക്കോട് മീൻകുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെയും ഇരിക്കൂർ സിഗ്ബ കോളേജിലെയും വിദ്യാർഥികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീൻകുന്ന് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥി അഴീക്കോട് പുന്നക്കപ്പാറ സ്വദേശി സഹൽ ജസീൽ (17) നെയാണ് സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകവേ അതേ സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസിലെ ഒരു സംഘം വിദ്യാർഥികൾ മർദിച്ചത്.
സ്കൂൾ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും തങ്ങളുടെ മകനുണ്ടായ അവസ്ഥ മറ്റൊരു കുടുംബത്തിനും ഉണ്ടാവരുതെന്നും വിദ്യാർഥിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇരിക്കൂർ സിബ്ഗ കോളജ് ബി.ബി.എ ഒന്നാം വർഷ വിദ്യാർഥി ചക്കരക്കൽ പള്ളിക്കണ്ടി മസ്ക്കൻ വീട്ടിൽ മുഹമ്മദ് നാഫിഹിനാ(18)ണ് മർദനമേറ്റത്. ചൊവ്വാഴ്ച രണ്ടു സീനിയർ വിദ്യാർഥികൾ മൂത്രപ്പുരയിൽ കൊണ്ടു പോയി തലയ്ക്കടിച്ചെന്നാണ് പരാതി.
റാഗിംഗ് സംബന്ധിച്ച കോളജിലെ അധ്യാപകരെ അറിയിച്ചപ്പോൾ പ്രിൻസിപ്പലിന് പരാതി നൽകാൻ നിർദേശിച്ചെന്നും പരാതിയുമായി പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ പരാതി തന്നാൽ നിനക്ക് പഠിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാവുമെന്ന് പ്രിൻസിപ്പൽ പറഞ്ഞുവെന്നും നാഫിഹ്പറഞ്ഞു. പിന്നീട് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ അറിയിച്ചെന്നും വിദ്യാർഥി പറഞ്ഞു. രാത്രി എട്ടോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.