തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്കരണം. സംസ്ഥാന കായിക ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
കായിക ദിനത്തോട് അനുബന്ധിച്ച് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളം സമ്പന്നമായ കായിക പാരമ്പര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളിൽ നിന്ന് അന്തർദേശീയ വേദികളിലേക്ക് ഉയരുന്ന നമ്മുടെ വിദ്യാർത്ഥികൾ സംസ്ഥാനത്തിന്റെ അഭിമാനങ്ങളാണ്. കായിക മേഖല ആരോഗ്യാവസ്ഥയുടെയും മാനസിക ബലത്തിന്റെയും കൂട്ടായ്മയുടെയും പാഠശാലയാണ്. സ്കൂളുകളിലും കോളേജുകളിലും മികച്ച കായിക സൗകര്യങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ്. നമ്മുടെ കുട്ടികളുടെ കായിക സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും മാതാപിതാക്കളും ചേർന്നുനിൽക്കണം. സംസ്ഥാന കായിക ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമ്പോൾ എല്ലാ കായിക താരങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.