തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകൾ ( ഓണപ്പരീക്ഷ ) മാറ്റിവയ്ക്കില്ല. എന്നാൽ ഹൈസ്കൂൾ തലത്തിലെ പരീക്ഷകളുടെ ടൈംടേബിൾ പരിഷ്കരിച്ചു. 8,9 ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാനാണിത്. പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു നേരത്തേ നിശ്ചയിച്ചതു പ്രകാരം 13 നു തുടങ്ങി 20 ന് പരീക്ഷകൾ പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി യോഗം തീരുമാനിച്ചു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ യോഗം ചേർന്നത്.
എന്നാൽ പരീക്ഷ മാറ്റിവച്ചാൽ രണ്ടാം പാദത്തിലെ അധ്യയനത്തെ ബാധിക്കുമെന്ന അഭിപ്രായമുയർന്നു. കലാ, കായിക, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെ രണ്ടാം പാദത്തിലാണു നടക്കുന്നത്. അതുകൊണ്ട്, ഒന്നാംപാദ പരീക്ഷ ഓണത്തിനു ശേഷം നിശ്ചയിച്ചാൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് യോഗം വിലയിരുത്തി. ഓഗസ്റ്റ് 31 വരെയുള്ള പാഠ ഭാഗങ്ങളാണു പഠിപ്പിച്ചു തീർക്കേണ്ടിയിരുന്നത്. എന്നാൽ സെൻസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം ക്ലാസുകൾ മുടങ്ങിയതിനാൽ ഇതു സാധിച്ചില്ല. അതിനാൽ, ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാനും തീരുമാനിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്നു നാളെയുമായി നടത്തുന്ന കെ ടെറ്റ് പരീക്ഷയിലും മാറ്റമില്ല. പ്രതികൂല കാലാവസ്ഥ മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകാനും യോഗത്തിൽ ധാരണയായി.
