വടകര: വടകരയിൽ വിപണിയിൽ പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി. ഒന്തം റോഡ് സ്വദേശി കുന്നുംപുറത്ത് മണികണ്ഠനാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡാൻസാഫ് സ്ക്വാഡാണ് പ്രതിയെ കുടുക്കിയത്.
വടകര പഴയ സ്റ്റാൻഡിന് സമീപം ബി.എം. സ്കൂൾ പരിസരത്തു വെച്ചാണ് മണികണ്ഠൻ സഞ്ചരിച്ച കാർ പോലീസ് തടഞ്ഞത്. കാറിൽ ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്പന്നങ്ങൾ. 15,000 പാക്കറ്റ് ഹാൻസ്, 6,000 പാക്കറ്റ് കൂൾലിപ്പ് എന്നിവയുൾപ്പെടെ ആകെ 21,000 പാക്കറ്റുകളാണ് പോലീസ് കണ്ടെടുത്തത്.
വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഉല്പന്നങ്ങൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വടകര പോലീസിന് കൈമാറി.
