തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയിൽ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയമായി ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിൽ രംഗത്തെത്തി. അനൂപ് ജേക്കബ് എം.എൽ.എയാണ് ആവശ്യമുന്നയിച്ചത്. എന്നാൽ സഭ നിർത്തിവെച്ച് ചർച്ച ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കലാ രാജുവിനെ സ്വാധീനിക്കാൻ യു.ഡി.എഫ് ശ്രമിച്ചെന്നും കൂറുമാറിയെങ്കിൽ അവർ രാജിവെക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഭവത്തിൽ ആകെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം മാതൃകയാണ്. നിലവിൽ ക്രമസമാധാന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ ഇതിന് മറുപടിയായി വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് അനൂപ് ജേക്കബ് തിരിച്ചടിച്ചു.
എന്നാൽ കൂത്താട്ടുകുളത്ത് നടന്നത് എന്താണെന്ന കാര്യം എം.എൽ.എ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂത്താട്ടുകുളത്ത് അഞ്ച് വർഷമായി ഭരണത്തിലിരിക്കുന്ന എൽ.ഡി.എഫിന്റെ കൗൺസിലറെ സ്വാധീനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. അത്തരത്തിൽ സ്വാധീനിക്കപ്പെട്ടെങ്കിൽ അവർ രാജിവെക്കണ്ടേ. അതല്ലേ ഇവിടുത്തെ ജനാധിപത്യ രീതി. കാലുമാറ്റത്തെ അതേ രീതിയിൽ അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റമാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
കലാ രാജുവിന് ചില പരാതികളുണ്ട്. അതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശക്തമായ നടപടി തന്നെ സ്വീകരിക്കും. തെറ്റു ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനു നേരെ ശക്തമായ നടപടി സ്വീകരിക്കും. അക്കാര്യത്തിൽ സംശയം വേണ്ട. ഈ വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് തെമ്മാടിത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. പൊലീസ് വൃത്തികേടിന് കൂട്ടുനിന്നു. പൊലീസ് ഇത്രയും അധഃപതിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ ഭരണപക്ഷത്തെ എം.എൽ.എമാർ ബഹളമുണ്ടാക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു രംഗത്തെത്തിയത്. സി.പി.എം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ താമസിപ്പിച്ചതായി കലാ രാജു പറഞ്ഞു. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണിതെന്നും അവർ ആരോപിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് അരുൺ അശോകൻ ആണ് വാഹനത്തിൽ കയറ്റിയതെന്നും കാൽ വണ്ടിയുടെ ഡോറിനിടയിൽ കുടുങ്ങിയപ്പോൾ എത്തിയിട്ട് വെട്ടിത്തന്നേക്കാമെന്ന് പറഞ്ഞുവെന്നും കല ആരോപിച്ചു.
തന്റെ മകനേക്കാൾ ചെറിയ കുട്ടിയാണ് അശോകൻ. അയാളാണ് അങ്ങനെ പറഞ്ഞത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക് വലിച്ചു കയറ്റിയത്. ഏരിയ കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും അവർ പറഞ്ഞു. ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളികയാണ് നൽകിയത്. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞപ്പോൾ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും അവർ പറഞ്ഞു. സി.പി.എമ്മിൽ തുടരുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കലാ രാജു കൂട്ടിച്ചേർത്തു.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാനിരിക്കെയാണ് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയരുന്നത്. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്നാണ് എൽ.ഡി.എഫ് കൗൺസിലർ കലാരാജുവിനെ സി.പി.എം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. നഗരസഭയിലെ സി.പി.എം കൗൺസിലർ കലാ രാജുവിന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ.