ഗുരുവായൂർ: സ്ഥാനങ്ങൾ കിട്ടാത്തതിൻ്റെ പേരിൽ പ്രതിഷേധിക്കുകയാണെങ്കിൽ കോൺഗ്രസിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനാണെന്ന് രമേശ് ചെന്നിത്തല. താൻ എല്ലാവർക്കും മാതൃകയാണെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മൻ വിട്ടു നിൽക്കുന്നത് തിരക്കു കൊണ്ടാകാം. ചിലർ സ്വതന്ത്രരായി വരുന്നതുകൊണ്ട് പാർട്ടി കുത്തഴിഞ്ഞെന്ന് പറയാനാവില്ല.
സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രരായി വരുന്നത് ശരിയായ നടപടിയല്ല. എൻ.കെ. സുധീർ ഡി.എം.കെ സ്ഥാനാർഥിയാകുമെന്ന് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. സ്ഥാനാർഥിത്വം ലഭിക്കാത്തവർ സ്വതന്ത്രരായി മുമ്പും രംഗത്തുവന്നിട്ടുണ്ട്. സരിൻ പാർട്ടിയിലെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. താൻ തന്നെ മുൻകൈയെടുത്താണ് ഒറ്റപ്പാലം സീറ്റ് നൽകിയത്.
പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലാത്ത നിരവധി പ്രവർത്തകർ കോൺഗ്രസിലുണ്ട്. പാലക്കാട് ആരെ കിട്ടിയാലും സ്ഥാനാർഥിയാക്കാൻ കാത്തിരിക്കുകയായിരുന്നു സി.പി.എം. വയനാടും പാലക്കാടും ചേലക്കരയും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി പി.സരിൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പി.സരിൻ ഇടഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് സരിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുനപരിശോധനക്കുള്ള സാധ്യത പാർട്ടി പൂർണമായും തള്ളിയതോടെയാണ് സരിൻ ഇടതുപാളയം ലക്ഷ്യമിട്ടത്.