ദില്ലി: സ്പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന 26 ദശലക്ഷം അതായത് 2.6 കോടി മൊബൈൽ ഫോണുകൾ ഇന്ത്യയുടെ സഞ്ചാർ സാഥി പോർട്ടൽ വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അതേസമയം, ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം, മോഷ്ടിക്കപ്പെട്ട 16 ദശലക്ഷം ഉപകരണങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഈ പോർട്ടൽ വഴി 86 ശതമാനം സ്പൂഫ് കോളുകളും ട്രാക്ക് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നുവെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കൾക്കായി ടെലിക്കോം മന്ത്രാലയം അടുത്തിടെ സഞ്ചാര് സാഥി പോർട്ടലിന്റെ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് വ്യാജ കോളുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടാതെ, നിങ്ങളുടെ പേരിലുള്ള വ്യാജ സിം കാർഡുകൾ നിങ്ങൾക്ക് കണ്ടെത്താനും സാധിക്കും. ഈ പോർട്ടലിന് പുറമെ, ടെലികോം കമ്പനികൾക്ക് എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. എയർടെല്ലും വിഐയും അവരുടെ കോടിക്കണക്കിന് ഉപയോക്താക്കളെ സ്പാം കോളുകളിൽ നിന്നും സംരക്ഷിക്കുന്നതി എഐ സംവിധാനം ആരംഭിച്ചു. ഈ എഐ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് വരുന്ന വ്യാജ കോളുകൾ ഓപ്പറേറ്റർ തലത്തിൽ തന്നെ തടയാൻ സാധിക്കുന്നു.