സ്വതന്ത്രൻ എന്ന നിലയിൽ മുന്നോട്ട് പോകും, യുഡിഫിന്റെ നിലപാടിനൊപ്പം നിൽക്കും: വി കുഞ്ഞികൃഷ്ണൻ

news image
May 6, 2026, 3:27 pm GMT+0000 payyolionline.in

കണ്ണൂർ: കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പയ്യന്നൂരിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയുമാണ് ചെയ്തത്. സിപിഐഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചത്. എന്നാൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 

 

ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്റെ ചുമതല കൂടിയാണ്. സിപിഐഎം നടത്തുന്ന ആക്ഷേപം താൻ കോൺഗ്രസ്‌ ആയി എന്നാണ്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ലെന്ന് തുടക്കം മുതൽ പറഞ്ഞിരുന്നു. അതുകൊണ്ട് പ്രചാരണങ്ങൾ ഒന്നും ഏശിയില്ല. സ്വതന്ത്രൻ എന്ന നിലയിൽ മുന്നോട്ട് പോകും. യുഡിഎഫിന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

 

പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ല. തെറ്റ് തിരുത്താൻ സന്നദ്ധത പ്രകടിപ്പിച്ചാൽ അവർക്കും കേരളത്തിനും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎം തെറ്റ് തിരുത്താൻ തയ്യാറാകുന്ന പാർട്ടി ആയിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe