‘സ്വാഗതം, സുസ്വാഗതം’; സുരേഷ് ഗോപിക്ക് തൃശൂരിൽ അണികളുടെ ആവേശോജ്വല സ്വീകരണം

news image
Jun 5, 2024, 2:43 pm GMT+0000 payyolionline.in

തൃശൂർ: ബിജെപിക്ക് കേരളത്തിൽ ആദ്യമായി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് തൃശൂരിൽ അണികളുടെ ആവേശോജ്വല സ്വീകരണം. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടന്നു. തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. നെടുമ്പാശേരിയിൽനിന്ന് കാർ മാർഗമാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്.

തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനു പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയിരുന്നു. ‘സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം’  തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു. കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റിയശേഷമാണ് സുരേഷ് ഗോപി റോഡ് ഷോ ആരംഭിച്ചത്. എം.ടി.രമേശ് അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ഒപ്പമുണ്ടായിരുന്നു. വിജയപത്രിക സ്വീകരിച്ചശേഷം പുറത്തെത്തിയ സുരേഷ് ഗോപി, വിജയപത്രിക ഉയർത്തി കാണിച്ചു. പ്രവർത്തകർ പൂമാലകളും ഷാളുകളും അണിയിച്ച് പ്രിയ നേതാവിനെ സ്വീകരിച്ചു. കലക്ട്രേറ്റിൽനിന്ന് മണികണ്ഠനാലിലെത്തിയ സുരേഷ് ഗോപി അവിടെനിന്ന് ബൈക്ക് ഷോയുടെ അകമ്പടിയോടെ തൃശൂർ റൗണ്ടിലേക്ക് എത്തും.

കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ‘‘തൃശൂരിലേക്ക് മെട്രോ റെയിൽ പദ്ധതി നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കും. മെട്രോ വന്നാൽ സ്വപ്നം കാണുന്ന വളർച്ച ലഭിക്കും. ബിസിനസ് സാധ്യത വളരും. മെട്രോയ്ക്കായി സാധ്യതാ പഠനം നടത്തേണ്ടതുണ്ട്. പഠന റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും’’–സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ സ്ഥിരം താമസമാക്കുമോയെന്ന ചോദ്യത്തിന്, സ്ഥിരതാമസം ആക്കിയതുപോലെ ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും താൻ തൃശൂരിൽ തന്നെ ഉണ്ടായിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe