കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡിൽ. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം.
ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വർണവില റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില 840 രൂപ കൂടി സർവകാല റെക്കോഡിൽ എത്തിയത്.
ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്. ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവൻവില ആദ്യമായി 60,000 കടന്നത്. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവൻ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.
ഉപഭോക്താക്കൾക്കിടയിലും വ്യാപാരികൾക്കിടയിലും ഒന്നുപോലെ ആശങ്ക സൃഷ്ടിക്കുന്നതാണ് വിലവർധനയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.