തിരുവനന്തപുരം > സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ ഇടിവ്. ഒറ്റ ദിവസത്തിൽ പവന് 560 രൂപ കുറഞ്ഞ് വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പിന്നെയങ്ങോട്ട് സ്വർണവില സർവ്വകാല റെക്കോർഡുകളും ഭേദിച്ച് കുതിക്കുകയായിരുന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 56,960 രൂപയിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം. ഒക്ടോബർ ഏഴിന് 160 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വില 5,810 രൂപയാണ്. വെള്ളി വില രണ്ട് രൂപ കുറഞ്ഞ് ഗ്രാമിന് 96 രൂപയായി.
നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു.