റിയാദ്: ‘ടൂറിസവും ഹരിത നിക്ഷേപവും’ എന്ന തലവാചകത്തിൽ ലോക ടൂറിസം ദിനത്തിൽ ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സംഘടിപ്പിച്ച ആഗോള വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ടൂറിസം സഹമന്ത്രി ശ്രീപദ് യസോ നായിക് വിവിധ പരിപാടികളിൽ പങ്കെടുത്തു മടങ്ങി. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് നേതൃത്വം നൽകിയ ‘സുസ്ഥിരമായ ഭാവിക്ക് വിനോദസഞ്ചാര മേഖലകളിൽ നിക്ഷേപം’ എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ മന്ത്രി പങ്കെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹക പ്രതിനിധികളെയും മന്ത്രി അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളിലും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൽ ഈ രാജ്യത്ത് പ്രവാസികളായി വസിക്കുന്ന നിങ്ങളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം സദസിനോട് പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉൾപ്പടെയുള്ള നയതന്ത്ര പ്രതിനിധികൾക്കൊപ്പം റിയാദിലെ നാഷനൽ മ്യുസിയവും മന്ത്രി സന്ദർശിച്ചു.
ടൂർ ഓപ്പറേറ്റർമാരുമായും മന്ത്രി ആശയവിനിമയം നടത്തി. റിയാദിൽ പങ്കെടുത്ത പരിപാടികൾ പ്രതേകം പരാമർശിച്ച് മന്ത്രി എക്‌സിൽ സന്തോഷം പങ്കുവെച്ചു. ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 120 രാജ്യങ്ങളിൽ നിന്നുള്ള 500 ലധികം സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും വിദഗ്ധരും ലോക ടൂറിസം ദിനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയിരുന്നു. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധകൾ അവരുടെ ചിന്തകളും ആശയങ്ങളും പുതിയ കാലത്തെ ടുറിസം മേഖലയിലെ സാധ്യതകളും പങ്കുവെച്ചു. സാംസ്കാരിക സംവാദം, ആഗോള ടൂറിസം നിക്ഷേപം, ഹരിത നിക്ഷേപം, വിനോദസഞ്ചാര മേഖലയിലെ നവീകരണം എന്നിവ ഉൾപ്പെടുന്ന സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.