സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവരുടെ ശ്രദ്ധക്ക്, ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടണം, നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

news image
Oct 3, 2025, 12:15 pm GMT+0000 payyolionline.in

റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാർ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകൾ കൈവശമുണ്ടെങ്കിൽ യാത്രക്ക് മുമ്പേ ഓൺലൈൻ വഴി ക്ലിയറൻസ് പെർമിറ്റ് നേടിയെടുക്കണമെന്ന് ആവർത്തിച്ച് അധികൃതർ. നിയന്ത്രിച്ച മരുന്നുകൾ കൈവശം വെച്ച് സൗദിയിലേക്ക് വരുന്നവർ https://cds.sfda.gov.sa എന്ന ലിങ്ക് വഴി ക്ലിയറൻസ് പെർമിറ്റ് നേടണമെന്നും നവംബർ ഒന്ന് മുതൽ നിയമം പൂർണമായും പ്രാബല്യത്തിൽ വരുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) മുഴുവൻ വിമാന കമ്പനികൾക്കും ട്രാവൽസ് അധികൃതർക്കും എല്ലാ നൽകിക്കഴിഞ്ഞു. രോഗികൾക്ക് പിന്തുണയും കുറ്റമറ്റ യാത്ര ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകീകൃതവും സമഗ്രവുമായ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി അനധികൃത മരുന്ന് കടത്ത് തടയാനും അംഗീകൃത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.

കഴിഞ്ഞ ദിവസം ഗാക്ക പുറത്തിറക്കിയ സർക്കുലറിൽ സൗദിയിലേക്ക് വരുന്ന രോഗികളോ അവർക്ക് വേണ്ടി മരുന്ന് കൊണ്ടുവരുന്നവരോ ക്ലിയറൻസ് പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. സിവിൽ വ്യോമയാന നിയമത്തിലെ ആർട്ടിക്കിൾ 23 മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവക്കെതിരായ പോരാട്ട നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 11 ലെ ക്ളോസ് ഒന്ന് എന്നിവയുടെ റഫറൻസിലാണ് അറിയിപ്പ് നൽകിയത്. കൺട്രോൾ ട്രഗ് സിസ്റ്റം (സി.ഡി.എസ്) ഇലക്ട്രോണിക്സ് പ്ലാറ്റ്‌ഫോം വഴി സൗദിയിലെ നിയന്ത്രിത മരുന്നുകൾക്ക് ക്ലിയറൻസ് നേടിയെടുക്കണമെന്ന് എല്ലാ എയർലൈനുകളും ഉറപ്പാക്കണമെന്നും ‘ഗാക്ക’ നിർദേശം നൽകി.

നാർക്കോട്ടിക് വിഭാഗത്തിൽ പെടുന്നതും സൈക്യാട്രി മരുന്നുകളുമാണ് കൂടുതൽ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുക. ഏതൊക്കെ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാം, കൊണ്ടുവരാവുന്ന അളവുകൾ എത്രയാണ് എന്നതുൾപ്പെടെ അനുവദനീയമായ മരുന്നുകളുടെ അളവുകളുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും സി.ഡി.എസ് വെബ്സൈറ്റിൽ ലഭ്യമാണ്. സൗദിയിൽ അംഗീകൃതമായ നാർക്കോട്ടിക്, സൈക്കോട്രോപിക് പദാർഥങ്ങൾ അടങ്ങിയവ ഉൾപ്പെടെയുള്ള മരുന്നുകളുടെ പൂർണ വിവരങ്ങൾ ഇതിലുണ്ട്. യാത്രക്കാർക്ക് സി.ഡി.എസ് പ്ലാറ്റ്‌ഫോം വഴി ഒരു വ്യക്തിഗത അക്കൗണ്ട് ഉണ്ടാക്കി രോഗിയുടെ വിശദാംശങ്ങളും യാത്രാ വിവരങ്ങളും അടങ്ങിയ ഒരു ഇലക്ട്രോണിക് ക്ലിയറൻസ് പെർമിറ്റ്ന് അപേക്ഷിക്കാം. ഡോക്ടറുടെ കുറിപ്പടി, മെഡിക്കൽ റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്‌താണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe