തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തും. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയിൻ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
.മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷനെ വെച്ചത്. കമ്മീഷനെ വെച്ചപ്പോൾ തന്നെ സമരം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. അവർ സമരം നിർത്തിയില്ല. അവർക്ക് ചിലർ പ്രതീക്ഷ കൊടുത്തു. ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന്റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചുവെന്നും. അത് പൊളിഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു. കിരൺ റിജിജുവിനെ കൊണ്ട് വന്നുള്ള ബിജെപി രാഷ്ട്രീയം പൊളിഞ്ഞു. മുനമ്പത്തുകാരെ ബിജെപി പറഞ്ഞ് പറ്റിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് പിന്തുണ നൽകുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വഖഫ് വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അഴിമതി ഇല്ലാതാക്കാനുള്ള ക്യാമ്പയിൻ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വിജിലൻസ് പ്രവർത്തനം വിപുലമാക്കും. മാർച്ചിൽ മാത്രം 14 പേരെ വിജിലൻസ് പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. ഇതിൽ ചിലർ പിടിയിലായി. അഴിമതി കേസുകൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.