സർക്കാരിന്റെ ആദ്യ ദൗത്യം ലക്ഷ്യത്തിലേക്ക്‌ ; ദുരിതാശ്വാസ ക്യാമ്പിലെ 967 കുടുംബത്തിന് താൽക്കാലിക വീടായി

news image
Aug 24, 2024, 4:11 am GMT+0000 payyolionline.in

കൽപ്പറ്റ: മഹാദുരന്തത്തിൽപെട്ട മുണ്ടക്കൈ ജനതയെ യുദ്ധകാലവേഗതയിൽ കൈപിടിച്ചുയർത്തി സംസ്ഥാന സർക്കാർ.  ഉരുൾപൊട്ടി ഒരുമാസം തികയുംമുമ്പേ താൽക്കാലിക പുനരധിവാസത്തിന്റെ അവസാന കടമ്പയും താണ്ടുകയാണ്‌. 19 ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന 967 കുടുംബങ്ങളേയും വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഇനി ക്യാമ്പിലുള്ളത്‌ 16 കുടുംബം മാത്രം. ഇവർക്കും വീടുകൾ കണ്ടെത്തി. 27നകം പുനരധിവാസം പൂർണമാകും. വീടുകൾക്ക്‌ ആറായിരം രൂപ വീതം മാസം സർക്കാർ വാടക നൽകും. ബന്ധുവീടുകളിലേക്ക്‌ മാറിയവർക്കും ഈ തുക ലഭിക്കും.

നാലു മന്ത്രിമാരടങ്ങുന്ന ഉപസമിതി ദുരന്തമുണ്ടായ ജൂലൈ 30 മുതൽ ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനും കാണാതായവർക്കുള്ള തിരച്ചിലിനും പുനരധിവാസത്തിനും ഒരേ വേഗമായിരുന്നു. ആറുകോടിയിലധികം രൂപ ഇതുവരെ സഹായം നൽകി. അടിയന്തര സഹായമായി പതിനായിരം, ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക്‌ പതിനായിരം, മരിച്ചവരുടെ ആശ്രിതർക്ക്‌ ആറുലക്ഷം എന്നിങ്ങനെ അനുവദിച്ചു. ദുരിതബാധിത കുടുംബങ്ങളിലെ രണ്ടുപേർക്ക്‌ പ്രതിദിനം 300 രൂപ ഒരുമാസത്തേക്ക്‌ ഉപജീവന ബത്തയും നൽകിത്തുടങ്ങി. 539 കുടുംബങ്ങളിലെ 1078 പേർക്കാണ്‌ ഈ തുക കൈമാറിയത്‌. ഗുരുതര പരിക്കേറ്റ 28 പേർക്ക് 17 ലക്ഷം നൽകി. ഉരുൾപൊട്ടൽ മേഖലകളിലും ചാലിയാറിലും നിലമ്പൂർവരെയുള്ള തീരങ്ങളിലും 26 ദിവസമായി പരിശോധന തുടരുകയാണ്‌. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന പൂർത്തിയായി. ക്രോസ്‌മാച്ചിങ് അവസാന ഘട്ടത്തിലാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe