ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ച സംഭവം; നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

news image
Oct 21, 2026, 1:07 pm GMT+0000 payyolionline.in

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ദമ്പതികളുടെ നവജാത ശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി. നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനൽകില്ലെന്നും വീട്ടിലേക്ക് പോകണമെന്നും മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല രണ്ട് വയസുകാരന്റെ വീട് സന്ദർശിക്കും.

​രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളിൽ രണ്ട് ആൺകുട്ടികളാണ് മരിച്ചത്. നാല് പെൺകുട്ടികളെ ഇതിനോടകം സിഡബ്ല്യുസി ചൈൽഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. നവജാതശിശു ദമ്പതികൾക്ക് ഒപ്പം സുരക്ഷിതമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാൽ, ഇതിന് മാതാവിന്റെ സമ്മതം ആവശ്യമാണ്. ഇന്നലെ അമ്മ താരയുമായി സിഡബ്ല്യുസി അധികൃതർ സംസാരിച്ചെങ്കിലും കുട്ടിയെ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതിൽ സിഡബ്ല്യുസി ശക്തമായ എതിർപ്പറിയിച്ചിട്ടുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഏറ്റെടുക്കുന്നതിനായി അധികൃതർ നിയമോപദേശം തേടുകയാണ്.

​അതേസമയം, രണ്ട് വയസുകാരന്റെ മരണം ഇന്നലെയാണ് താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് യാതൊരു ഭാവവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് താരയ്ക്ക് ഉടൻ കൗൺസലിംഗ് നൽകാനാണ് അധികൃതരുടെ തീരുമാനം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഉടൻ തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് ബാലാവകാശ കമ്മീഷന് കൈമാറും.

​രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളിൽ ആറാമത്തെ ആളായിരുന്നു രണ്ടുവയസ്സുകാരനായ രാഹുൽ. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ മൃതദേഹവുമായി രാജേഷ് ആദ്യമെത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലാണ്. ആരുമറിയാതെ മൃതദേഹം ഇവിടെ മറവ് ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

​പോഷകാഹര കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബത്തിൽ സർപ്പ ദോഷത്താൽ ഒരു മരണം ഉണ്ടാകുമെന്ന വിധിയുടെ ഫലത്താലാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വിചിത്ര വാദം. ഇതിനിടെ, ഒമ്പത് വർഷം മുമ്പ് മൂന്നര മാസം പ്രായമുള്ള മറ്റൊരു കുട്ടിയും സമാനരീതിയിൽ മരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരെയും അറിയിക്കാതെ ഈ കുട്ടിയുടെ മൃതദേഹവും ബന്ധുവീട്ടിൽ മറവ് ചെയ്യുകയായിരുന്നു. ഈ മരണത്തിന് ഔദ്യോഗിക രേഖകളൊന്നുമില്ല.

​കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പണം പിരിച്ചെന്നും ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയെന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കൾ സ്ഥിരമായി മദ്യപിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന കർശന നിർദ്ദേശം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe