ഷിംല: ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച. രണ്ടാം ദിവസവും മഞ്ഞുവീഴ്ച തുടർന്നതോടെ കുറഞ്ഞ താപനിലയിൽ നേരിയ ഇടിവുണ്ടായി. ലാഹൗൾ, സ്പിതി ജില്ലയിലെ ഗോണ്ട്ലയിൽ 5 സെന്റിമീറ്ററും കീലോങ്ങിൽ 4 സെന്റിമീറ്ററും മഞ്ഞുവീഴ്ച ലഭിച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴ പെയ്തതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം മുതൽ ഗുലേറിൽ 42 മില്ലിമീറ്റർ മഴ ലഭിച്ചു. നഗ്രോത സുര്യൻ (38.4 മില്ലിമീറ്റർ), ഭർവെയ്ൻ (37 മില്ലിമീറ്റർ), ഡെഹ്റ ഗോപിപൂർ (35 മില്ലിമീറ്റർ), പച്ചഡ് (34.2 മില്ലിമീറ്റർ), അഘർ (32.8 മില്ലിമീറ്റർ), നാദൂൺ (28 മില്ലിമീറ്റർ), മുരുരി (28 മില്ലിമീറ്റർ) എന്നിവയാണ് ഇടത്തരം മഴ ലഭിച്ച മറ്റ് പ്രദേശങ്ങൾ.
ജോട്ട്, മുരാരി ദേവി, സുന്ദർനഗർ, ഭുന്തർ, കംഗ്ര, പാലംപൂർ, ഷിംല എന്നിവിടങ്ങളിൽ ഇടിമിന്നലുണ്ടായി. ഹമിർപൂർ, നാർക്കണ്ട, കുഫ്രി, ബജൗറ, റെക്കോങ് പിയോ, ടാബോ, കോട്ഖായ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 41 മുതൽ 57 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ചു.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചമ്പ, കാംഗ്ര, കുളു, മാണ്ഡി എന്നീ നാല് ജില്ലകളിൽ ഇടിമിന്നൽ, മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റോട് കൂടിയ ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ട്.