പയ്യോളി: പയ്യോളി നഗരസഭാ – കുടുംബാരോഗ്യകേന്ദ്രം ഇരിങ്ങൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കോട്ടക്കൽ ബീച്ച് റോഡിലെ ഒയാസീസ് ഹോട്ടലിന് നോട്ടീസ് നൽകി. നിർദ്ദേശങ്ങൾ പാലിച്ച ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാവു എന്ന് അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വില്പനയ്ക്ക് വച്ച സ്ഥാപനങ്ങൾ, കേന്ദ്ര പുകയില നിയന്ത്രണ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ, പൊതുസ്ഥലത്ത് പുകവലിച്ച് മറ്റുള്ളവർക്ക് ശല്യം സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചു. 2,600 രൂപ പിഴ ഈടാക്കി.
പരിസര മലിനീകരണവും , ജലസ്രോതസ്സുകൾ മലിനമാക്കുകയും ചെയ്യുന്ന തരത്തിൽ മത്സ്യക്കച്ചവടം ചെയ്യുന്ന വ്യക്തികൾക്കെതിരെ ഇനിയൊരറിയിപ്പില്ലാതെ കേസ്സെടുക്കുമെന്ന് അറിയിച്ചു.
കോട്ടക്കൽ ടൗണിലെ പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ പൂർണ്ണമായും അടച്ചുപൂട്ടി, നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ .എസ് സുനിത അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി.
ജൂനി: ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി നൂർജഹാൻ , .കെ.വി രജിഷ , പി.കെ. ഷാജി , .കെ ഫാത്തിമ, പി.കെ സാദത്ത് എന്നിവരും പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, കച്ചവട സ്ഥാപനങ്ങളടക്കം എല്ലാ സ്ഥാപനങ്ങളും കേന്ദ്രപുകയില നിയന്ത്രണ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. സ്ക്കൂൾ പരിസരത്തും, ബസ്സ് സ്റ്റോപ്പുകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പനയും ഉപയോഗവും ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്നും, കോട്പ (COTPA) നിയമപ്രകാരം കേസ്സെടുക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകി.