ന്യൂഡൽഹി: ഹൈവേയിൽ ബൈക്കിൽ എത്തിയ കള്ളന്മാർ അക്കൗണ്ടന്റിൽ നിന്ന് 85 ലക്ഷം രൂപ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടു. ആക്രമണത്തിൽ വണ്ടിയുടെ ബാലൻസ് നഷ്ടപ്പെട്ട അക്കൗണ്ടന്റിന് ഹൃദയാഘാതവും സംഭവിച്ചു. ഓഫീസിലെ പണമടങ്ങിയ ബാഗാണ് ഇയാളിൽ നിന്ന് അക്രമികൾ തട്ടിയെടുത്തത്. ഡൽഹി-ലഖ്നോ ഹൈവേയിലാണ് സംഭവം.
ഡിസംബർ 15നാണ് സംഭവം നടന്നത്. മറ്റൊരു കാറിന്റെ കൂടി സഹായത്തോടെയാണ് ബൈക്കിലെത്തിയ അക്രമികൾ ഇയാളെ റോഡിൽ അടിച്ചുതെറിപ്പിച്ചത്. നോയിഡ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്റെ അക്കൗണ്ടന്റായി ജോലി ചെയ്യുന്നയാൾ ഹാപൂരിൽ നിന്ന് ഡൽഹി-ലഖ്നൗ ഹൈവേയിൽ പണവുമായി മടങ്ങുകയായിരുന്നു. ഇതിനിടെ മറ്റൊരു ബൈക്ക് അയാളെ മറികടന്ന് അടുത്തേക്ക് വരികയായിരുന്നു. തൊട്ടടുത്തുള്ള കാറിന്റെ പിന്തുണയോടെ, ബൈക്കിൽ എത്തിയവർ അക്കൗണ്ടന്റിനെ ചവിട്ടി വീഴ്ത്തിയതോടെ അയാൾ ബാലൻസ് നഷ്ടപ്പെട്ട് നിലത്ത് വീണു. അതിനിടെ അക്രമികൾ പണമുള്ള ബാഗുമായി ഓടി രക്ഷപ്പെട്ടു.
സ്കൂട്ടറിന്റെ ബാലൻസ് നഷ്ടപ്പെട്ട അക്കൗണ്ടന്റ് മറിഞ്ഞുരുണ്ടാണ് നിലത്തുവീണതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായി അധികൃതർ അറിയിച്ചു.
പോലീസ് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടുട്ടുണ്ട്. പ്രതികളുടെ വിവരങ്ങൾ നൽകുന്നവർക്കായി 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
അക്രമികളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പ് നൽകി.
