ഇടുക്കി: ആഴ്ചകൾക്കുള്ളിൽ കട്ടപ്പന നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി പുഴു അരിച്ച ഭക്ഷണം ലഭിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയിൽ ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിൽ നിന്നും ദമ്പതികൾ കഴിച്ച ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയതായി പരാതി. പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ ഇതു നിരസിക്കുകയും വീഡിയോ എടുക്കുന്നത് കണ്ട് പെട്ടെന്ന് എടുത്തു കൊണ്ടു പോയി എന്നുമാണ് ദമ്പതികളുടെ പരാതി.
തുടർന്ന് ഇവർ കട്ടപ്പന നഗരസഭയിൽ പരാതി നൽകി. കട്ടപ്പന ഇടുക്കികവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിൽ നിന്നാണ് പുഴു അരിച്ച ഭക്ഷണം ലഭിച്ചത്. തിങ്കൾ രാത്രിയിൽ ഏഴുമണിയോടെ കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ ഹോട്ടലിൽ കയറി കപ്പ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ആഹാരത്തിൽ പുഴുവിനെ കണ്ടത്. തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഹോട്ടൽ ജീവനക്കാർ വന്ന് ആഹാരം തിരികെ എടുത്തു.
ഈ ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു എന്നും , വിഷയം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചു എന്നുമാണ് ദമ്പതികളുടെ പരാതി. തുടർന്ന് ചൊവ്വാഴ്ച ഇവർ നഗരസഭയിൽ രേഖാ മൂലം പരാതി നൽകി. ദമ്പതികളുടെ പരാതിയേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.
സംഭവം ഉണ്ടായി മണിക്കൂറുകൾക്കുശേഷം പരാതി നൽകുമ്പോൾ, പരാതിക്ക് അടിസ്ഥാനമായ ഭക്ഷണം നശിപ്പിക്കാൻ ഹോട്ടൽ ജീവനക്കാർക്ക് അവസരം ലഭിക്കുകയാണ്. അതുകൊണ്ട് തന്നെ ഹോട്ടലുകളിൽ നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻതന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറിൽ അറിയിക്കണം എന്ന് ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് പറഞ്ഞു.