ഹോളി കളറാക്കാന്‍ ബിഎസ്എന്‍എല്‍, വാര്‍ഷിക പാക്കേജ് പുതുക്കി; ഇനി 425 ദിവസം ഡാറ്റയും കോളും യഥേഷ്ടം

news image
Mar 4, 2025, 12:07 pm GMT+0000 payyolionline.in

ദില്ലി: നിലവിലുള്ള ഒരു പ്രീപെയ്ഡ് റീച്ചാര്‍ജ് പാക്കില്‍ ഹോളി ആഘോഷം പ്രമാണിച്ച് അപ്‌ഡേറ്റുമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. 2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 425 ദിവസത്തെ വാലിഡിറ്റി ഇപ്പോള്‍ ലഭിക്കുമെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അറിയിച്ചു. മുമ്പ് 395 ദിവസം വാലിഡിറ്റി ലഭിച്ച സ്ഥാനത്താണ് 30 ദിവസം കൂടി അധികം ചേര്‍ത്ത് 2399 രൂപ റീച്ചാര്‍ജിന്‍റെ കാലാവധി 425 ദിവസമായി ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ‘കൂടുതല്‍ നിറങ്ങള്‍, കൂടുതല്‍ വിനോദം, ഇപ്പോള്‍ കൂടുതല്‍ വാലിഡിറ്റി!’ എന്ന കുറിപ്പോടെയാണ് റീച്ചാര്‍ജിന്‍റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച വിവരം ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്.

2399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 425 ദിവസക്കാലം ദിവസം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ഉപയോഗിക്കാം. ദിവസേനയുള്ള 2 ജിബി പരിധി കഴിഞ്ഞാല്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്.

മത്സരം കടുപ്പിക്കാന്‍ ബിഎസ്എന്‍എല്‍

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ഭീമന്‍മാരുമായി മത്സരിക്കാന്‍ ആകര്‍ഷകമായ ഏറെ റീച്ചാര്‍ജ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ സേവനം എന്ന നിലയ്ക്കാണ് ബിഎസ്എന്‍എല്‍ ഈ പാക്കുകള്‍ കൊണ്ടുവരുന്നത്. അതേസമയം രാജ്യത്ത് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. 2025ന്‍റെ മധ്യത്തോടെ 4ജി നെറ്റ്‌വര്‍ക്ക് പൂര്‍ത്തിയാക്കുകയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. കോള്‍ഡ്രോപ് അടക്കമുള്ള സര്‍വീസ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe