യുവം വേദിയിൽ അപർണ ബാലമുരളി, ആവേശം പകരാൻ നവ്യയുടെ ഡാൻസ്; പ്രധാനമന്ത്രിയെത്തുമ്പോൾ പ്രമുഖരുടെ നീണ്ടനിര

news image
Apr 24, 2023, 11:54 am GMT+0000 payyolionline.in

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള യുവതയോട് സംവദിക്കുന്ന യുവം പരിപാടി ഗംഭീരമാക്കാൻ പ്രമുഖരും രംഗത്ത്. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ രാഷ്ട്രീയ – സാംസ്‌കാരിക – സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമാകും എന്നാണ് വ്യക്തമാകുന്നത്.

നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് എത്തിയ ശേഷമാകും പ്രധാനമന്ത്രി യുവം പരിപാടിയിൽ പങ്കെടുക്കുക. വെണ്ടുരുത്തി പാലം മുതൽ 1.8 കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി തേവര എസ് എച്ച് കോളേജില്‍ എത്തുക.

നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യുവം സംവാദത്തിന് രാഷ്ട്രീയമില്ലെന്ന സന്ദേശമാണ് സുരേഷ് ഗോപി പങ്കുവച്ചത്. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe