ദില്ലി: അശോക് ഗെലോട്ട് സര്‍ക്കാരിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റിന്‍റെ മുന്നറിയിപ്പ്. അഴിമതി കേസിലെ അന്വേഷണമടക്കം താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാവൂയെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.
വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സച്ചിന്‍ മുന്‍പോട്ട് വച്ചത്. സച്ചിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഹൈക്കമാൻഡ് ഗെലോട്ടിന് നിർദ്ദേശവും നൽകിയിരുന്നു. നടപടിയെടുക്കാന്‍ സര്‍ക്കാരിന് സച്ചിന്‍ നല്‍കിയ സമയപരിധി ഇന്നവസാനിക്കുകയാണ്.