ക്രിസ്റ്റഫർ ഡബ്ല്യൂ ഹോഡ്‌ജസ് ചെന്നൈയിലെ പുതിയ യു.എസ് കോൺസുൽ ജനറലായി ചുമതലയേറ്റു

news image
Aug 1, 2023, 3:54 pm GMT+0000 payyolionline.in

ചെന്നൈ:  ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുൽ ജനറലായി ക്രിസ്റ്റഫർ ഡബ്ല്യൂ  ഹോഡ്‌ജസ് ചുമതലയേറ്റെടുത്തു. ദക്ഷിണേന്ത്യയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയായി കാണുന്നുവെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.  രണ്ട് രാജ്യങ്ങളും തമ്മിലുള്ള വിശാലമായ ഉഭയകക്ഷി ബന്ധത്തെ പരിപോഷിപ്പിക്കുന്ന തദ്ദേശീയ, പ്രാദേശിക ഊർജ്ജസ്വലത പ്രതിഫലിപ്പിക്കുന്നതാണ് തങ്ങളുടെ പ്രവർത്തനങ്ങൾ.

വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശ മേഖലയിലെ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണവും ഇതിലുൾപ്പെടുന്നു.  ചെന്നൈ കോൺസുലേറ്റിൻറെ പരിധിയിലുള്ള അമേരിക്കന്‍ പൗരസമൂഹത്തിനു വേണ്ടിയും ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോൺസുലാർ സേവനങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും കോൺസുൽ ജനറൽ ഹോഡ്‌ജസ് പറഞ്ഞു.

“യു.എസ് – ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സർക്കാരുകളുടെയും ബന്ധമാണെന്ന വസ്‌തുത നമ്മുടെ പ്രയത്നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു.  ചെന്നൈ കോൺസുലേറ്റിന്റെ പരിധിയിലുള്ള കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലും ഉടനീളമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ യു.എസ്. സർക്കാരിൻറെ കോർഡിനേറ്റർ ഫോർ അഫ്‌ഗാൻ റീലൊക്കേഷൻ എഫർട്‌സ് (കെയർ) ഓഫീസിൽ മുതിർന്ന ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു ക്രിസ്റ്റഫർ ഹോഡ്‌ജസ്. അതിനു മുമ്പ് നിയർ ഈസ്റ്റേൺ അഫയേഴ്‌സ് ബ്യൂറോയിൽ അസിസ്റ്റൻസ് കോർഡിനേഷൻ ആന്റ് പ്രസ് ആന്റ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിലെ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും ഇസ്രയേലി-പലസ്തീനിയൻ അഫയേഴ്‌സ് വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈയിൽ വരുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻറെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസിയിൽ അസിസ്റ്റൻറ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, പലസ്തീൻ അഫയേഴ്സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു.

യു.എസ്.ഫോറിൻ സർവീസിൽ രണ്ടായിരാമാണ്ടിൽ ചേർന്ന അദ്ദേഹം ജറുസലേം, വിയറ്റ്നാമിലെ ഹനോയ്, ഘാനയിലെ അക്ര എന്നിവിടങ്ങളിൽ പബ്ളിക് അഫയേഴ്‌സ് ഓഫീസറായും സെൻട്രൽ യൂറോപ്യൻ അഫയേഴ്‌സ് ഓഫീസിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ലിക്റ്റൻസ്റ്റൈൻ എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഫിജിയിലെ സൂവ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe