ദില്ലി: വിദേശത്ത് നിന്നെത്തിച്ച ചീറ്റകൾ തുടർച്ചയായി ചാകുന്നതിനിടെ കുനോ ദേശീയ ഉദ്യാനം സന്ദർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ചീറ്റ പ്രൊജക്ട് വിജയിപ്പിക്കാൻ കേന്ദ്രസർക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും ചീറ്റകളുടെ ആരോഗ്യം സംരക്ഷിക്കുമെന്നും ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളുടെ ആരോഗ്യം ഉറപ്പുവരുത്തും. ഇതിനോടകം ഇന്ത്യയിലെത്തിച്ച 3 ചീറ്റകളും 3 ചീറ്റ കുഞ്ഞുങ്ങളും ചത്തിരുന്നു.
ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശിൽ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും രൂപം നൽകുക.
രണ്ടു വർഷമാണ് സമിതിയുടെ കാലവധി. കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച 3 ചീറ്റകളും 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങൾ ബാധിച്ച് ചത്ത പശ്ചാത്തലത്തിലാണ് നടപടി. ചീറ്റകളെ പാർപ്പിക്കാൻ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പ് കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യമടക്കം സമിതി പരിശോധിക്കും