തിരുവനന്തപുരം: അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ നഷ്ടപ്പെട്ടതായി തമിഴ്നാട് വനംവകുപ്പ്. തിങ്കൾ പകൽ 1.30 വരെയാണ് സിഗ്നൽ ലഭിച്ചത്. പിന്നീട് സിഗ്നൽ ലഭിച്ചില്ല എന്നാണ് കന്യാകുമാരി ഡിവിഷനിൽനിന്ന് നെയ്യാർ ഡിവിഷന് കൈമാറിയ വിവരം. ആനയുടെ 200 മീറ്റർ സഞ്ചാരം മാത്രമാണ് തിങ്കളാഴ്ച രേഖപ്പെടുത്താനായത്.
കന്യാകുമാരി വന്യജീവി സങ്കേതത്തിലെ കീഴ്കോതയാർ ചിന്നക്കുറ്റിയാർ പ്രദേശത്താണ് ആനയുള്ളത്. ഈ പ്രദേശത്ത് 150 ഓളം വീടുകൾ ഉണ്ട്. ആനയെ പേടിച്ച് വീട്ടുകാർ പൊലീസ് ഔട്ട്പോസ്റ്റിനുസമീപമുള്ള ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയാണ്. പതിവായി ആനക്കൂട്ടം എത്താറുള്ള സ്ഥലമാണെന്നും അവയ്ക്കുപിന്നാലെ അരിക്കൊമ്പൻ എത്തുമെന്നും ഭയന്നാണ് ജനം മാറിത്താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു.
മേൽകോതയാറിലെ ഇലക്ട്രിസിറ്റി ജീവനക്കാർക്കും പമ്പ് ഹൗസ് ജീവനക്കാർക്കും അവധി നൽകിയശേഷം ഈ സ്ഥാപനങ്ങളുടെ സുരക്ഷ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.