മാഹി : ജനകീയ ഇടപെടലിന്റെ ഭാഗമായി റവന്യു വകുപ്പ് അഴിയൂർ ഗ്രാമ പഞ്ചായത്തിന് രേഖാമൂലം കൈമാറ്റം ചെയ്ത വർഷങ്ങളുടെ പഴക്കമുള്ള പൊതുശ്മശാന ഭൂമിക്ക് മേൽ റെയിൽവെ ഇപ്പോൾ ഉന്നയിക്കുന്ന അവകാശവാദം നീതീകരിക്കാൻ കഴിയാത്തതാണെന്ന് യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. റെയിൽവെ റവന്യുവകുപ്പിന് കൈമാറി എന്നതിന് കൃത്യമായ രേഖകൾ ഉണ്ടായിട്ടും ഇതിന് അടിസ്ഥാനമില്ല എന്നാണ് റെയിൽവെയുടെ വാദം. ശ്മശാനത്തിന്റെ ജോലി ദ്രുതഗതിയിൽ നടക്കുന്നതിനിടെയാണ് റെയിൽ വക ചുവപ്പ് കൊടി ഉയർത്തിയത്.
ശ്മശാന ജോലി പുനരാരംഭിക്കാൻ റെയിൽവെ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കും . സർക്കാരിന്റെ അഴിമതിക്കെതിരെ ജൂൺ 22 ന് വടകരയിൽ നടക്കുന്ന ജനകീയ സായാഹ്ന സദസ്സ് വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ , കെ അൻവർ ഹാജിഅധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , പി ബാബുരാജ്, എൻ പി അബ്ദുല്ല ഹാജി, പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ, യു എ റഹീം, പി പി ഇസ്മായിൽ, കെ പി രവീന്ദ്രൻ, ഹാരിസ് മുക്കാളി, കെ.കെ.ഷെറിൻ കുമാർ, കെ പി വിജയൻ, എന്നിവർ സംസാരിച്ചു.