എ ഐ ക്യാമറ: കോടതി പരാമർശം വ്യക്തമായി മനസിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത് – മന്ത്രി രാജീവ്

news image
Jun 21, 2023, 7:31 am GMT+0000 payyolionline.in

കൊച്ചി> എ ഐ ക്യാമറ ഹർജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന പല വാർത്തകളും കോടതി പരാമർശം വ്യക്തമായി മനസിലാക്കാതെയാണെന്നും അതുകൊണ്ടുതന്നെ കൊടുത്ത  തലക്കെട്ടുകളും അന്നുതന്നെ തിരുത്തേണ്ടിവന്നിരിക്കുകയാണെന്ന് നിയമമന്ത്രി പി രാജീവ്.  കോടതിയുടെ പരാമർശങ്ങൾ പൂർണമായും വായിക്കാതെയോ മനസിലാക്കാതെയോ ആണ് പ്രതിപക്ഷവും വിഷയത്തെ കൈകാര്യം ചെയ്യുന്നത്.

ഒന്നാമത്തെ കാര്യം ഹർജിക്കാർ ആവശ്യപ്പെട്ട സ്റ്റേ കോടതി നൽകിയിട്ടില്ല. ഹർജി പരിഗണിക്കുമോയെന്നതിലും തീർപ്പായിട്ടില്ല. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല. കൂടാതെ ഹർജി നൽകിയവർ പൊതു ജീവിതത്തിൽ  അവരുടെ  സത്യസന്ധതയും സുതാര്യതയും വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകണമെന്നു  കോടതി ആവശ്യപ്പെട്ടിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഹർജിക്കാരോട് ഇത്തരം സത്യവാങ്മൂലം നൽകാൻ കോടതി പറയുന്നത്. അതുകൂടി പരിഗണിച്ചേ ഹർജി ഫയലിൽ സ്വീകരിക്കണമോയെന്ന് കോടതി തീരുമാനിക്കുകയുള്ളൂ.

ഹർജിയിൽ ഗവർമെൻറ് വാദം നടത്തിയിട്ടില്ല. പദ്ധതി 5 മുതൽ തുടങ്ങി എന്ന് അറിയിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. സത്യവാങ്മൂലം നൽകാൻ കോടതി ഗവർമെൻറിനോടും ആവശ്യപ്പെട്ടിട്ടുണ്ട് . എജൻസികൾക്ക് പണം നൽകുന്നതിന് വിലക്കുണ്ട് എന്ന് പറയുമ്പോൾ തന്നെ കോടതിയെ അറിയിച്ച് തീരുമാനം എടുക്കാം എന്നും പറയുന്നുണ്ട്.

എല്ലാം കോടതി പരിശോധിക്കട്ടെ. എന്തുകൊണ്ട്  പ്രതിപക്ഷം പദ്ധതി നടപ്പാക്കുന്നതിന് മുന്നേ  കോടതിയെ സമീപിച്ചില്ല. കോടതിയിൽ വിശ്വാസമില്ല എന്ന് പറഞ്ഞിരിക്കുന്നവർ ഇപ്പോൾ കോടതിയുടെ മുന്നിലേക്ക് വന്നിരിക്കയാണ്. ഒരു ഏജൻസിയും അന്വേഷിക്കണ്ട കോടതി അന്വേഷിച്ചാൽ മതിയെന്നാണ് പ്രതിപക്ഷം പറയുന്നത്. അന്വേഷിക്കുന്നതും  തീർപ്പു കൽപ്പിക്കുന്നതും ഒരു എജൻസിക്ക് പറ്റില്ല. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം എന്നേ പറയാൻ പറ്റൂ. ഫെെൻ ഈടാക്കാൻ സർക്കാരിന് മാത്രമെ കഴിയു. അത് പരിശോധിച്ചതാണെന്നും രാജീവ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe