തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും ദില്ലി സന്ദര്‍ശനത്തിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. സുധാകരന് വേണ്ടിയല്ല മറിച്ച് സതീശന് തന്നെ വേണ്ടിയാണ് ഈ ദില്ലി സന്ദർശനമെന്നാണ് ഇ പി പറയുന്നത്. സതീശന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോൺസൺ കേസുമായി ബന്ധപ്പെട്ട് സുധാകരന് രാജിവെച്ചാല്‍ സ്വാഭാവികമായും വിഡി സതീശനും രാജിവെയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടും.
അല്ലെങ്കില്‍ ധാര്‍മികമായും നിയമപരമായും രാജിവെക്കേണ്ടി വരും. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് ജീവന് നല്‍കിയും സുധാകരനെ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചതെന്നും ഇ പി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. പുറത്താക്കുന്നതിന് പകരം ഈ നേതാക്കളെ നിലനിര്‍ത്താനുള്ള നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചാൽ ജനങ്ങള്‍ക്ക് മുന്നില്‍ അവർ അപഹാസ്യരാവുമെന്നും ഇത് മുൻ ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് ഉള്‍പ്പടെ വലിയ നാണക്കേടുണ്ടാക്കുമെന്നും ഇ പി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഇ പി ജയരാജന്റെ കുറിപ്പ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ദില്ലി സന്ദര്‍ശനം നടത്താനുള്ള തീരുമാനം വി ഡി സതീശന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. എ ഐ സി സി യിലും ഹൈക്കമാന്റിലും നല്ല സ്വാധീനമുള്ള കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കളാണ് പല വാര്‍ത്തകളും പുറത്തുകൊടുക്കുന്നത് എന്ന് സതീശനും സുധാകരനും മനസ്സിലാക്കുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്ന സതീശന്റെ കഴിവ്കേടിനും അടിസ്ഥാനമില്ലാതെ ജനങ്ങള്‍ക്കിടയില്‍ പൊളിഞ്ഞുപോകുന്ന പ്രതികരണങ്ങള്‍ക്കും ജനകീയ അംഗീകാരം ഇല്ലാത്ത പത്രസമ്മേളനങ്ങള്‍ക്കും എല്ലാം എതിരായിട്ടുള്ള പ്രതികരണം വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്. അതിന് പിന്നില്‍ ചില കോണ്‍ഗ്രസ് ഗ്രൂപ്പുകളും ഗ്രൂപ്പ് നേതാക്കളും ഉണ്ട് എന്ന് വി ഡി സതീശന് മനസ്സിലാക്കുന്നു.
ഇപ്പോള്‍ സുധാകരന് നേരെ മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് പണമിടപാട് സംബന്ധിച്ച തെളിവുകളും ഫോണ്‍കോളുകളും എല്ലാം പുറത്ത് വന്നു കഴിഞ്ഞു. പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് കിടക്കുകയാണ് മോൺസൺ മാവുങ്കല്‍. നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളാണ് പൊലീസിന്റെ കൈകളില്‍ ഉള്ളത്. നിയമപരമായും ധാര്മികപരമായും എതിര്‍ക്കാന്‍ കഴിയാതെ തെളിവുകള്‍ വന്ന ഇത്തരമൊരു ഘട്ടത്തില്‍ സുധാകരന്റെ രാജി അനിവാര്യമായിരുന്നു. എന്നാല്‍ സുധാകരന് രാജിവെച്ചാല്‍ വി ഡി സതീശനും രാജിയിലേക്ക് പോകേണ്ടി വരും.
കാരണം, പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് പോയി പണം പിരിക്കുകയും സാമ്പത്തിക തട്ടിപ്പില്‍ ഭാഗമാവുകയും ചെയ്ത് നടത്തിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കോണ്‍ഗ്രസിലൂടെ തന്നെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുധാകരന് രാജിവെച്ചാല്‍ സ്വാഭാവികമായും വിഡി സതീശനും രാജിവെയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടും. അല്ലെങ്കില്‍ ധാര്‍മികമായും നിയമപരമായും രാജിവെക്കേണ്ടി വരും. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് ജീവന് നല്‍കിയും സുധാകരനെ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചത്. ഇത് സുധാകരന് വേണ്ടിയല്ല മറിച്ച് സതീശന് തന്നെ വേണ്ടിയാണ്.
നിലവിലെ സാഹചര്യത്തില്‍ സുധാകരനും വി ഡി സതീശനും തല്‍ സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ അത് കോണ്‍ഗ്രസിന് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും എന്ന് മനസ്സിലാക്കിയ കേന്ദ്ര നേതൃത്വം ചില നീക്കങ്ങള്‍ നടത്തുന്നു എന്ന് മനസ്സിലാക്കിയ വിഡി സതീശന് സുധാകരനെ മുന്‍ നിര്‍ത്തി തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. നിലവിലെ ഈ സന്ദര്‍ശനവും മറ്റും കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് വലിയ അപമാനമാണ് വരുത്തിവെക്കാന്‍ പോകുന്നത്. പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരാളെ തന്റെ അടുത്ത സുഹൃത്തായും അയാളോടുള്ള ബന്ധം ശ്ക്തമായി തുടരും എന്ന് പറയുകയും തെളിവുകളുടെ സാഹചര്യത്തില്‍ അഴിമതിയില്‍ പരസ്യമായി പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ പുറത്താക്കുന്നതിന് പകരം നിലനിര്‍ത്താനുള്ള നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിക്കുകയും ചെയ്താല്‍ അവരും ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാവും. ഇത് മുൻ ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് ഉള്‍പ്പടെ വലിയ നാണക്കേടുണ്ടാക്കും.
കെ സി വേണുഗോപാലിനേയും ഇതിന്റെ ഭാഗാമാക്കി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് കെ സി വേണുഗോപാലിന് പണ്ട് ചെയ്തുകൊടുത്ത ഉപകാര സ്മരണയായിട്ടാണ് കോണ്‍ഗ്രസിലെ ചിലര്‍ കാണുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് വലിയ രാഷ്ട്രീയ കുഴപ്പത്തിലാണ്. നയപരമായും ആദര്‍ശപരമായും വലിയ അപചയത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. നിലവിലെ സാഹചര്യം കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.