തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എം.പിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. എം.പിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരള ചീഫ് സെക്രട്ടറിയോട് അഭിപ്രായം തേടിയിരുന്നു. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രത്തിനുള്ള കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്.
1954ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
കേരളത്തിന്റെ ഭൂപ്രദേശം അനുസരിച്ച് മാധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ല എന്ന നിലയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബില്ലിന്റെ ഭാഗമായി ഹൈബി സൂചിപ്പിച്ചിരുന്നത്.
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നഗരമെന്ന നിലയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ബില്ലില്‍ ചൂണ്ടിക്കാട്ടിരുന്നത്.