തൃശൂർ: നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും ആഡംബര കാറിൽ 221 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒഡീഷയിൽ നിന്നും വൻ മാഫിയ തലവനും കൂട്ടാളിയും പിടിയിൽ. പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തൃശൂർ സിറ്റി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയിൽ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ നമിത പരീച്ച (32), അരുൺ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം പൊക്കിയത്.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപും സംഘവും ചേർന്ന് ഒറീസയിൽ നിന്നും സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് 221 കിലോ കഞ്ചാവ് കാറിൽ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പൊലീസും തൃശൂർ സിറ്റി ലഹരിവിരുദ്ധ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് തൃശൂർ ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദീലീപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇത്രയും വലിയ അളവിൽ കഞ്ചാവ് കൊണ്ടുവന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ശ്രമം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒറീസയിലെ ഗജപതി ജില്ലയിലെ അഡബാ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാടിനാൽ ചുറ്റപ്പെട്ട വിദൂര ഗ്രാമത്തിൽ നടന്നുവരുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കേരള പൊലീസ് ഇവിടെയെത്തി യഥാർത്ഥ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ആദ്യം അറസ്റ്റ് ചെയ്ത നാലു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഡീഷ ഗജപതി ജില്ലയിലെ “ഗഞ്ചറാണി’ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച നമിത പരീച്ച എന്ന സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നൽകുന്നത് എന്ന സുപ്രധാന വിവരം ലഭിച്ചത്. ഇവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച അന്വേഷണസംഘം, ഈ മാസം 14ന് കഞ്ചാവ് വിറ്റ പണം വാങ്ങുന്നതിനായി കേരളത്തിലേക്ക് വരികയായിരുന്ന നമിതയുടെ ഭർത്താവും കഴിഞ്ഞ ഇരുപത് കൊല്ലമായി ഒറീസയിൽ താമസിച്ചു വരുന്നതും കേസിലെ ഇടനിലക്കാരനുമായ സാജനെ പാലക്കാട് വെച്ച് പിടികൂടി. വളരെ അപൂർവമായി മാത്രം കേരളത്തിലേക്ക് വന്നിരുന്ന സാജനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് ഈ കേസിൽ ഒരു വലിയ വഴിത്തിരിവുണ്ടാക്കി.