ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രം, തലസ്ഥാനം കൊച്ചിയാക്കണമെന്ന ഹൈബിയുടെ ബില്ലിനെതിരെ ഷിബു ബേബി ജോണ്‍

news image
Jul 1, 2023, 1:15 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരളത്തിന്‍റെ  തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ ചൊല്ലി വിവാദം കനക്കുന്നു. ഹൈബിയുടെ സ്വകാര്യബില്ലിനെ വിമർശിച്ച് ആർഎസ്പി രംഗത്തെത്തി. ഇത്തരം ച‍ർച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രൻ എംപി വിമർശിച്ചു. ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകള്‍ നേരത്തെയും ഉയർന്നിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തണ്‍ സമരങ്ങള്‍ വരെ തലസ്ഥാനത്തുണ്ടായിരുന്നു. ഇത്തരം ചർച്ചകള്‍ക്കിടെയാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന്  ഹൈബി ഈഡൻ അനുമതി തേടിയത്. കേരളത്തിന്റെ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂ‍രം സഞ്ചരിക്കേണ്ടി വരുന്നുവെന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്.

സ്വകാര്യ ബില്ലായി അവതരിപ്പിക്കാനുള്ള ഹൈബിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർപ്പറിയിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിൽ ശക്തമായ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. വികസനത്തിനായി ഒരിഞ്ച് ഭൂമിയേറ്റെടുക്കാനില്ലാത്ത കൊച്ചി നഗരത്തിൽ ഭൂമിയേറ്റെടുത്ത് തലസ്ഥാനം മാറ്റാൻ കഴിയില്ല. ഇതുമൂലം വരുന്ന വൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാൻ കഴിയില്ല. നിർദ്ദേശം അപ്രായോഗികമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe