കൊച്ചി : കൊച്ചി ചമ്പക്കരയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഒരു കൊറിയര്‍ വന്നതിന് ശേഷം സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായതായാണ് സമീപത്തെ അപ്പാര്‍ട്ട്മെന്റിൽ താമസിക്കുന്നവരിൽ നിന്നും ലഭിക്കുന്ന വിവരം. പ്രതിയായ 48 വയസുളള മകൻ വിനോദ് നേരത്തെ അഭിഭാഷകനായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും നിയന്ത്രിക്കാനാകാത്ത കോപം വരുമെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാൾ പറഞ്ഞതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇതെത്രത്തോളം വിശ്വസനീയമാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അപ്പാർട്മെന്റിനുളളിൽ കടന്ന് ഉള്ളിൽ നിന്നും പൂട്ടിയ ശേഷമായിരുന്നു ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്.മരട് തുരുത്തി അമ്പലത്തിനടുത്തുളള അപ്പാർട്മെന്റിലെ താമസക്കാരിയായ അച്ചാമ്മയാണ് (73) കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി ഭീഷണി മുഴക്കിയ മകൻ വിനോദിനെ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. വിനോദിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അച്ചാമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം സംഭവസ്ഥലത്തുനിന്ന് പോസ്റ്റുമാർടത്തിനായി ഇന്ന് കൊണ്ടുപോകും.
ഒരു കൊറിയര്‍ വന്നുവെന്നും അതിന് ശേഷം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തലേദിവസം വൈകിട്ട് മുതൽ തന്നെ ഇവരുടെ ഫ്ലാറ്റിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് അയൽവാസികൾ പറയുന്നത്. കൊലനടന്ന ദിവസം രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു. ഇക്കാര്യം സമീപവാസികൾ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്തെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. വൈകിട്ട് ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. പൊലീസെത്തിയെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നും പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും പരിസരവാസികളും മരട് നഗരസഭാ കൗൺസിലറും ആരോപിച്ചു.