കിണറിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുക്കാനായില്ല; ദൗത്യം 45 മണിക്കൂർ പിന്നിട്ടു

news image
Jul 10, 2023, 2:45 am GMT+0000 payyolionline.in

വിഴിഞ്ഞം: മുക്കോലയിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇളകിവീണ്‌ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ 45 മണിക്കൂർ പിന്നിട്ടിട്ടും പുറത്തെടുക്കാനായില്ല. വെങ്ങാനൂർ സ്വദേശി മഹാരാജനാണ്(55) ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ അപകടത്തിൽപെട്ടത്.

തൊഴിലാളിയെ പുറത്തെടുക്കാൻ കഴിയാതായതോടെ പ്ലാൻ ബിയുമായി ജില്ല ഭരണകൂടം രംഗത്തെത്തി. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ് സംഘവും കൊല്ലത്ത് നിന്നുള്ള കിണർ നിർമാണ തൊഴിലാളികളും എത്തി. ഒരു ദിവസത്തിലേറെയായി കിണറിൽ അകപ്പെട്ട മഹാരാജനെ പുറ​െത്തടുക്കാൻ അഗ്​നിശമന സേനക്ക്​ കഴിയാതെ വന്നതോടെയാണ് എൻ.ഡി.ആർ.എഫ് സഹായം ജില്ല ഭരണകൂടം തേടിയത്. ജില്ല കലക്ടർ ആവശ്യപ്പെട്ട പ്രകാരം ആലപ്പുഴയിൽ നിന്ന്​ 25 അംഗ സംഘം വിഴിഞ്ഞത്തെത്തി. പുറമെ കൊല്ലം കൊട്ടാരക്കര പൂയപ്പള്ളിയിൽ നിന്നുള്ള മൂന്നംഗ കിണർനിർമാണ തൊഴിലാളികളും ഇവിടുണ്ട്​. 100 അടിയിലെറെ ആഴമുള്ള കിണറുകളിൽ പ്രവർത്തനങ്ങൾ നടത്തി മുൻപരിചയം ഉള്ളവരാണ്​ ഇവർ.

കിണറിൽ ഇറങ്ങി സ്ഥിതിഗതികൾ മനസ്സിലാക്കിയ സംഘം തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തു. നേരിട്ട് കിണറിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനങ്ങൾ ഫലം കാണാതെ വന്നതോടെയാണ് പ്ലാൻ ബിയുമായി ജില്ല ഭരണകൂടം രംഗത്ത് വന്നത്. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക അധികൃതർക്ക് ഉണ്ട്. നിലവിൽ മണ്ണ്, മെറ്റൽ, ഉറ എന്നിവക്കിടയിലാണ്​ മഹാരാജൻ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്​. അതിനാൽ അവ നീക്കി മാത്രമേ രക്ഷാപ്രവർത്തനം മുന്നോട്ട്​ കൊണ്ടുപോകാനാകൂ. കൊല്ലത്ത് നിന്ന് കിണർനിർമാണ തൊഴിലാളികളെ എത്തിച്ച് മണ്ണിടിച്ചിൽ തടയാൻ പലകകൾ സ്ഥാപിച്ചശേഷം വെള്ളം പമ്പ് ചെയ്തുകളയാനാണ് തീരുമാനം.

ഏകദേശം 90 അടി താഴ്ചയുള്ള കിണറിലാണ് മഹാരാജൻ അകപ്പെട്ടത്‌. മേൽമണ്ണുമാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ ഒട്ടേറെത്തവണ രക്ഷാപ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ, കിണറിന്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ്‌ മണ്ണിടിച്ചിലുണ്ടായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മഴപെയ്ത് കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയർത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe