കനത്ത മഴ നാല് ദിവസം കൂടി തുടരും, മഴക്കെടുതിയിൽ വൻ നാശം, മരണം 41; പ്രളയക്കെടുതിയിൽ വലഞ്ഞ് ഏഴ് സംസ്ഥാനങ്ങൾ

news image
Jul 11, 2023, 10:45 am GMT+0000 payyolionline.in

ദില്ലി: ഉത്തരേന്ത്യയിൽ അതിരൂക്ഷമായ മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ മരണം 41 ആയി. ഹിമാചൽ പ്രദേശിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ദില്ലി കടുത്ത ആശങ്കയിലാണ്. അതേസമയം കനത്ത മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉത്തരേന്ത്യയിൽ ഏഴ് സംസ്ഥാനങ്ങൾ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ദില്ലി, യുപി സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലായി. പഞ്ചാബിൽ മൊഹാലി, രൂപ്നഗർ, സിർക്കാപൂർ പ്രദേശങ്ങൾ വെള്ളത്തിലാണ്. ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി പഞ്ചാബ് സർക്കാർ അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലും സ്ഥിതി രൂക്ഷമാണ്. ഉത്തരകാശിയിൽ തീർത്ഥാടകർ മഴയെ തുടർന്ന് കുടുങ്ങി. റോഡ് ഗതാഗതം മണ്ണിടിച്ചിൽ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഋഷികേശിലെ എംയിസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) വെള്ളം കയറിയത് പ്രതിസന്ധിയായി.

ദില്ലിയിൽ യമുനാ നദി അപകട നില മറികടന്ന് ഒഴുകുകയാണ്. തീരപ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇവിടെ പെരുവഴിയിലാണ് തീരദേശവാസികള്‍. ഉത്തരാഖണ്ഡിലും റെഡ് അലര്‍ട്ട് തുടരുകയാണ്. തെക്കന്‍ രാജസ്ഥാനിലും, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും സ്ഥിതി സങ്കീര്‍ണ്ണമാണ്. മഴയുടെ ശക്തി നാല് ദിവസം കൂടിയെങ്കിലും നീണ്ടുനില്‍ക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe