ഒറ്റപ്പാലം: ലക്കിടി കിള്ളിക്കുറുശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഡിണ്ടിഗൽ പുറമ്പോക്കിൽ കാളിമുത്തുവിന്റെ മകൻ സെന്തിൽ (40) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ആറിന് അർധരാത്രിയിൽ ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറി മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 15,000 രൂപയും രണ്ട് മടവാളുകളും മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പ് കയറംപാറയിലെ നീലിക്കാവിലെ ഭണ്ഡാരം തകർത്ത് ഇയാൾ മോഷണം നടത്തിയിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലെത്തിച്ചത്.
ഒറ്റപ്പാലത്തെ ബീവറേജസ് മദ്യശാല പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ഇയാൾക്കെതിരെ ശ്രീകൃഷ്ണപുരം, മങ്കര, വർക്കല, പാലക്കാട് ടൗൺ നോർത്ത്, ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിലും കേസുകളുള്ളതായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫിസർ യോഗേഷ് മാന്ദയ്യയുടെ നേതൃത്വത്തിൽ എസ്.ഐ. കെ.ജെ. പ്രവീൺ, എ.എസ്. ഐ രാജ നാരായണൻ, എസ്.സി.പി.ഒ രാകേഷ്, സി.പി.ഒമാരായ രാജൻ, സജിത്ത്, ഹർഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.