കോട്ടയം> മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ നടന് മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. നടന് പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്.കൂടാതെ പ്രമുഖ നേതാക്കളും താരങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്
വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി തിരുനക്കര എത്തിക്കും. പ്രിയനേതാവിനെ കാണാനായി തിരുനക്കര മൈതാനിയില്‍ ജനസാഗരമാണ് ഒത്തുകൂടിയിരിക്കുന്നത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 25 മണിക്കൂര്‍ പിന്നിടുകയാണ്.
സംസ്കാരം വ്യാഴം പകല്‍ 3.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പ്രത്യേകമൊരുക്കിയ കബറിടത്തില്‍ നടക്കും. സംസ്കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ പ്രധാന കാര്‍മികത്വം വഹിക്കും. സംസ്കാരദിനമായ വ്യാഴാഴ്ചകൂടി സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരും. കുടുംബത്തിന്റെ താല്‍പ്പര്യപ്രകാരം സംസ്കാരച്ചടങ്ങില്‍നിന്ന് ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും. പുതുപ്പള്ളിയില്‍ സുരക്ഷാസന്നാഹം വര്‍ധിപ്പിച്ചിട്ടുണ്ട്.